കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായിരിക്കെ പ്രതിരോധ മാർഗങ്ങൾ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ നടപടികളുമായി റെയിൽവെയും. ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി.

കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്.

ആറ് മാസത്തേക്കാണ് ഉത്തരവ്. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് നെഗ‌റ്റീവ് സർട്ടിഫിക്കേ‌റ്റ് ആവശ്യമില്ലെന്ന് ഈയിടെ റെയിൽവെ പുതിയ കൊവിഡ് മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാൽ കൊവിഡ് നിബന്ധനകൾ പാലിച്ച് വേണം യാത്രക്കാർ ട്രെയിനിൽ യാത്രചെയ്യാനെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശ‌ർമ്മ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോച്ചുകളിൽ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന പതിവ് റെയിൽവെ നിർത്തിവച്ചിരുന്നു. പകരം റെഡി‌ ടു ഈ‌റ്റ് ഭക്ഷണം ഏർപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിനുള‌ള വസ്‌തുക്കളുടെ വിൽപനയും റെയിൽവെ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *