ബി ജെ പി യിൽ നിന്ന് രാജി വെച്ച മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. താൻ തുറന്ന മനസോടെയാണ് കോൺഗ്രസിൽ ചേർന്നതെന്നും തന്നെ പാർട്ടി ഹൃദയ പൂർവം സ്വാഗതം ചെയ്‌തെന്നും നേതാവ് പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാർജുൻ ഖർഗെ മുതൽ ഡി കെ ശിവകുമാർ വരെയുള്ള നേതാക്കൾ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടർ പറഞ്ഞു.

ജഗദീഷ് ഷെട്ടർ പാർട്ടിക്ക് മുന്നിൽ ഒരു ഡിമാന്റും വെച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് ഒന്നും ഷെട്ടറിന് ഓഫർ ചെയ്തിട്ടുമില്ല. കോൺഗ്രസിൽ ചേരാൻ ഷെട്ടർ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാർ പറഞ്ഞു.
അതേ സമയം, ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഇന്നലെ കോൺഗ്രസ് നേതാവ് എസ് എസ് മല്ലികാർജുന്റെ വീട്ടിൽ വച്ച് അർദ്ധ രാത്രി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജെവാലയും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും ഷെട്ടർ ഫോണിൽ സംസാരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *