കോഴിക്കോട്: മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ നേരിടുന്ന ഭൂമി പ്രശ്നം പരിഹരിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിരുന്നതായി കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ്ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.മുനമ്പം പ്രശ്നം എങ്ങിനെയും പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിക്കു താല്‍പര്യമെന്ന് കെ വി തോമസ് അറിയിച്ചിട്ടുണ്ട്. അതിനുവേണ്ടി മുഖ്യമന്ത്രിയെ പോയി കാണാമെന്നും പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ കാണുമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. മുനമ്പം പ്രശ്നം ജാതിമത ഭേദമന്യെ എല്ലാവരും കൂട്ടായി നിന്ന് എങ്ങിനെ പരിഹരിക്കുമെന്നാണ് നോക്കേണ്ടത്. 610 കുടുംബങ്ങള്‍ അവിടെ ദുരിതമനുഭവിക്കുകയാണ്. അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം വേണം. ഏതെങ്കിലും സമയത്ത് കുടിയിറക്കുമെന്നു വന്നാല്‍ ജീവിക്കാന്‍ പറ്റുമോ. മാത്രമല്ല വഖഫിന്റെ കീഴിലാണ് ഭൂമി എന്നുപറഞ്ഞാല്‍ വലിയ കുഴപ്പമാണ്. അത്യാവശ്യത്തിനു ബാങ്ക് വായ്പപോലും ലഭിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കോഴിക്കോട് വഖഫ് ട്രൈബ്യുണലില്‍ കേസ് നടക്കുന്നുമുണ്ട്. മുനമ്പം വിഷയത്തില്‍ ജാതിയുടെയും മതത്തിന്‍യും പേരില്‍ കലഹിക്കുകയല്ല വേണ്ടത്. എല്ലാവരും ഒരുമിച്ചുനില്‍ക്കുയാണ് വേണ്ടതെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. വഖഫ് ദേഗതി നിയമത്തിന് കെസിബിസി പിന്തുണ നല്‍കിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണെന്ന് ആര്‍ച്ച ബിഷപ് വ്യക്തമാക്കി. വഖഫ് ഭേദഗതിനിയമം വന്നാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാല്‍ നിയമത്തിനു മുന്‍കാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി റിജ്ജു പറയുന്നത്. എല്ലാവരും ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ഫാറൂഖ് കോളജിന്റെ മാനേജ്മെന്റ് ഇതു വഖഫ് ഭൂമിയല്ല എന്നു സ്ഥാപിക്കാന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ വിജയം കണ്ടാല്‍ മുനമ്പം നിവാസികള്‍ക്കു ആശ്വാസമാകുന്ന നിലയുണ്ടാവും.സംസ്ഥാനത്തെ കുടിയേറ്റ മേഖലയിലെ ജനങ്ങള്‍ വന്യമൃഗഭീഷണികാരണം ജിവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇക്കാര്യം രണ്ടുമാസം മുമ്പ് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഉന്നയിച്ചിരുന്നു. അനുഭാവപൂര്‍ണമാണ് മുഖ്യമന്ത്രി കേട്ടത്. വേണ്ടതു ചെയ്യാമെന്നു ഉറപ്പുനല്‍കിയിട്ടുണ്ട്. വികാരി ജനറല്‍ മോണ്‍.ജന്‍സണ്‍ പുത്തന്‍വീട്ടില്‍, മീഡിയ ഡയറക്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍, ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഇമ്മാനുവല്‍ റെനി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ്, സെക്രട്ടറി പി കെ സജിത്ത് മീറ്റ് ദപ്രസില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *