ഡിആര്‍ഡിഒ വികസിപ്പിച്ച വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കോവിഡ് ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പങ്കുവെച്ചു. 10,000 ഡോസാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്നത്. ഡല്‍ഹിയിലെ ഏതാനും ആശുപത്രികള്‍ക്കാകും ഇവ വിതരണം ചെയ്യുക. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ കഴിഞ്ഞവാരമാണ് അനുമതി നല്‍കിയത്.

ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) മരുന്ന് വികസിപ്പിച്ചെടുത്തത്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. ഭൂരിഭാഗം കോവിഡ് ലക്ഷണങ്ങളെയും നിര്‍വീര്യമാക്കാന്‍ മരുന്നിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിനുള്ളിലെ വൈറസിന്റെ വളര്‍ച്ചയെ തടയും. ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും മരുന്ന് ഫലപ്രദമാണ്. മൂന്ന് ദിവസം ഉപയോഗിച്ചാല്‍ കോവിഡ് രോഗികളില്‍ ഫലം പ്രകടമാകുമെന്നും ഡിആര്‍ഡിഒ വ്യക്തമാക്കുന്നു. മരുന്ന് ഉപയോഗിച്ചതിലൂടെ വലിയ ശതമാനം രോഗികളുടെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ വേഗം രോഗമുക്തി നേടാനും മരുന്നിന്റെ ഉപയോഗം കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *