റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ നിന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെതിരേയാണ് മെഡിക്കല്‍ കമ്മീഷന്‍ രംഗത്തുവന്നത്.

നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്ന നിലപാടാണ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓരേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കില്ല. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കുള്ള സ്‌ക്രീനിങ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്നും കമ്മീഷന്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ ചട്ടപ്രകാരം വിദേശ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പ്രാക്ടീസ് അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യണം. അതിനുശേഷം ഇന്ത്യയിലെത്തി ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ പരീക്ഷ എഴുതി, പാസായാലാണ് രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുക. കോഴ്‌സ് പകുതിയില്‍വച്ച് മുടങ്ങിയവര്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

യുദ്ധ സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍- ദന്തല്‍ വിദ്യാര്‍ത്ഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *