മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളും ഓഫീസുകളും ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2010-2014 കാലയളവുകളിലെ ഇടപാടുകളുടെ പേരിലാണ് നടപടി.
വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനു സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കം നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.
രാവിലെ 7.30 നാണ് കാര്‍ത്തി ചിദംബരത്തിന്റെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് നടന്നത്. സിബിഐ റെയ്ഡില്‍ കാര്‍ത്തി ചിദംബരം അതൃപ്തി പ്രകടിപ്പിച്ചു. എത്രാമത്തെ തവണയാണ് പരിശോധന നടക്കുന്നതെന്നും തനിക്ക് എണ്ണം നഷ്ടപ്പെട്ടെന്നും കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.