മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണം അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടിസൂക്ഷിച്ച് മകന്‍. കോണ്‍ക്രീറ്റ് വച്ച് ബാരല്‍ അടച്ചാണ് മകന്‍ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം. സംഭവത്തില്‍ മകനായ സുരേഷിനെ പൊലീസ് പിടികൂടി.

ഷെമ്പകം (86) കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകന്‍ വിവാഹിതനായി മറ്റൊരിടത്താണു താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും കാണാത്തതിനാല്‍ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ അയല്‍വാസികള്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവര്‍ സുരേഷിന്റെ സഹോദരനോടു കാര്യം പറഞ്ഞു വഴക്കായതോടെ അമ്മ രണ്ടാഴ്ച മുന്‍പു മരിച്ചതായും സംസ്‌കാരം നടത്തിയതായും സുരേഷ് സഹോദരനോടു പറഞ്ഞു. ഇതോടെ മൂത്ത സഹോദരന്‍ നീലാങ്കരയ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു.

പൊലീസെത്തി ബാരല്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. ശരീരത്തില്‍ സംശയകരമായ പാടുകളൊന്നും കാണാനില്ലെന്നും ഷെമ്പകം അസുഖങ്ങള്‍ കാരണം മരിച്ചുവെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ളത്രയും പണം സുരേഷിന്റെ കയ്യില്‍ ഇല്ലാത്തതിനാലാണു യുവാവ് മൃതദേഹം ബാരലില്‍ സൂക്ഷിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

തയ്യല്‍ ജോലി ചെയ്യുന്ന സുരേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *