ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതായും സോണിയ നിരീക്ഷണത്തിലാണെന്നും എ.ഐ.സി.സി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.

കഴിഞ്ഞ 12-ാം തീയതിയാണ് കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സോണിയയെ ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി സോണിയാഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇ.ഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാഗാന്ധിക്ക് കോവിഡ് പിടിപെട്ടത്.

നാഷണൽ ഹെറാൾഡ് കേസിൽ കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.സോണിയാ ഗാന്ധി ചികിത്സയിലായതിനാല്‍ ഇന്ന് ഇ.ഡി ഓഫീസില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ ആവശ്യം പരിഗണിച്ച് ചോദ്യംചെയ്യലിന് മൂന്ന് ദിവസത്തെ അവധി ഇ.ഡി അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി 30 മണിക്കൂറിലേറെ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇനിയും കുറച്ചുദിവസം കൂടി അദ്ദേഹത്തെ ചോദ്യംചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ച വിവരം. ഇതിനിടെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് തിങ്കളാഴ്ച രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *