ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ചും അഭിനന്ദിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മതേതരമൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ശബ്ദത്തിന്റെ പ്രതിഫലനം രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെന്നായിരുന്നുവെന്നാണ് സുധീരന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുയുടെ വാക്കുകള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍്ട്ടി യുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി രൂക്ഷമായ പ്രതികരണം.

“നമ്മുടെ പാർട്ടിയിൽ ഭയമുള്ള ഒരുപാട് നേതാക്കന്മാരുണ്ട്. അത്തരക്കാരെ ഈ പാർട്ടിക്ക് ആവശ്യമില്ല. അത്തരക്കാർ ആർ എസ് എസിലേക്ക് തന്നെ പോകുന്നതാണ് നല്ലത്. കോൺഗ്രസിന് നിങ്ങളെ ആവശ്യമില്ല,” രാഹുൽ പറഞ്ഞു. കോൺഗ്രസിനു വേണ്ടത് ഭയമില്ലാത്ത നേതാക്കന്മാരെയാണെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രവും അതുതന്നെയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ് എന്നിവരെ ലക്ഷ്യമിട്ടാണ് രാഹുൽ ഇങ്ങനെ പറഞ്ഞത് എന്നാണ് രാഷ്ട്രീയ രംഗത്തെ സംസാരം. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ ഏതാനും എം എൽ എമാരുമായി ബി ജെ പിയിൽ ചേർന്ന മദ്ധ്യപ്രദേശിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാണ്. മറ്റൊരു നേതാവായ ജിതിൻ പ്രസാദ് വരുന്ന ഉത്തർപ്രദേശ് ഇലക്ഷനിൽ ബി ജെ പിയുടെ മുന്നണി പോരാളി ആകാനുള്ള സാദ്ധ്യത കാണുന്നുണ്ട്.

പാർട്ടിക്കുള്ളിലെ തന്റെ വിമർശകരായ ജി-23 എന്നറിയപ്പെടുന്ന നേതാക്കളോടുള്ള സന്ദേശമായും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ശശി തരൂർ ഉൾപ്പെടെയുള്ള 23 നേതാക്കന്മാർ കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനു ശേഷം കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *