കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണത്തിനും ക്രിസ്മസിനും അടച്ചിടുന്നതും ബക്രീദിന് ഇളവ് നല്‍കുന്നതും ശരിയല്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം ഇളവും മറ്റുള്ളവർക്ക് ഇത് ഇല്ലാതാകുന്നതിനും പിന്നിൽ രാഷ്ട്രീയമുണ്ട്.

ബക്രീദിന് ലോക്ഡൗണില്‍ ഇളവ് നല്‍കുകുയും ഓണത്തിനും ക്രിസ്‌തുമസിനും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇത് ശരിയല്ല.സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇളവുകള്‍ തീരുമാനിക്കേണ്ടത് ശാസ്ത്രീയ സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആയിരിക്കരുത്. കേരളത്തിലെ വ്യാപാരികള്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണ്. അതിന് ഇത്തരത്തിലുള്ള താൽക്കാലിക കുറുക്കുവഴികളല്ല വേണ്ടത്, ശാശ്വത പരിഹാരം വേണം.കൊടകര കുഴല്‍പ്പണകേസ് ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണത്തോട് കോണ്‍ഗ്രസിന്‍റെ കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടാകുമായിരിക്കുമെന്നായിരുന്നു വി മുരളീധരന്‍റെ മറുപടി.

ലോക്ഡൗണിന്റെ കാര്യത്തിൽ സർക്കാർ ശാസ്ത്രീയമായൊരു പരിഹാരം സ്വീകരിക്കണം. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സർക്കാരിന്റെയും നർദേശങ്ങൾ ഇക്കാര്യത്തിലുണ്ട്. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *