ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് യോഗം ചേരുക. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ധനമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ എന്നിവയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ഇന്ത്യ ഇടപെടണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

അതേസമയം ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ജനകീയ സര്‍ക്കാര്‍ രൂപീകരണ ആവശ്യമുന്നയിച്ച് തുടരുന്ന പ്രക്ഷോഭം ഇന്ന് നൂറ് ദിവസം പിന്നിടുകയാണ്. ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നില്‍ കസേരയിട്ടിരുന്നാണ് പ്രതിഷേധം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച പ്രസിഡന്റ് തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ പ്രക്ഷോഭകര്‍ രംഗത്തെത്തി. ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി റെനില്‍ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നില്‍ പ്രക്ഷോഭകര്‍ പ്രതിഷേധിച്ചു. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ റഷ്യയില്‍ നിന്ന് കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *