ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ അറിഞ്ഞുള്ള പദ്ധതികളൊരുക്കി സമഗ്ര ജലസംരക്ഷണത്തിന് ജില്ല കോഴിക്കോട് ഒരുങ്ങുന്നു. ജലവിനിയോഗവും ലഭ്യതയും പരിഗണിച്ച് പദ്ധതികൾ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്തംബറോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ‘ജലബജറ്റ്’ തയ്യാറാകും. ബജറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് ജലസുരക്ഷാ പ്ലാൻ ഒരുക്കും. സമ്പൂർണ ജലബജറ്റ് തയ്യാറാക്കുന്ന ആദ്യ ജില്ലയാകും കോഴിക്കോട്. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും സിഡബ്ല്യുആർഡിഎമ്മിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാതലത്തിൽ ഇതിനായി ആക്ഷൻ പ്ലാനുണ്ടാക്കും. കോഴിക്കോട്, കുന്നമംഗലം ബ്ലോക്കുകളിൽ ജലബജറ്റ് പ്രകാശിപ്പിച്ചു. വടകര, ചേളന്നൂർ ബ്ലോക്കുകൾ, വടകര നഗരസഭകളിൽ റിപ്പോർട്ട് അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് ഏറ്റെടുത്ത നഗരസഭ വടകരയാണ്. ഗ്രാമ,- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജല സാങ്കേതികസമിതി കൺവീനർമാർ എന്നിവർക്കായി ജില്ലാ ശിൽപ്പശാല നടത്തി. ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ ശിൽപ്പശാലകൾ നടത്തും.
ജലബജറ്റ് ഇങ്ങനെ
ഓരോ പ്രദേശത്തെയും ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന സമഗ്ര രേഖയാണ് ജലബജറ്റ്. അതതിടത്ത് മഴ, ജലസ്രോതസ്സുകൾ തുടങ്ങിയവയിലൂടെ ഓരോ മാസവും ലഭിക്കുന്ന ജലത്തിന്റെ അളവ് ശേഖരിക്കും. കൃഷി, കെട്ടിടങ്ങൾ, കടകൾ, ടൂറിസം തുടങ്ങിയ മേഖലകളിലായി ആവശ്യമായ ജലത്തിന്റെ അളവും കണക്കാക്കും. ഇവ താരതമ്യംചെയ്ത് അന്തരം കണ്ടെത്തും. ജലമിച്ചമാണോ കമ്മിയാണോ എന്ന് വിലയിരുത്തി സുസ്ഥിര ലഭ്യത ഉറപ്പാക്കാനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകും. ജനകീയമായാണ് പ്രവർത്തനങ്ങൾ നടപ്പാക്കുക. ഹരിതകേരള മിഷൻ വിദഗ്ധരുടെ സഹായം ലഭ്യമാക്കും. ജലലഭ്യത വർധിപ്പിക്കാനും വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും.
