ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നെഹ്‌റു സ്മാര മ്യൂസിയത്തിന്റെ പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നെഹ്‌റു തന്റെ പേര് കൊണ്ടല്ല അദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍ കൊണ്ടാണ് അറിയപ്പെടുന്നതെന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.
നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കി മാറ്റിയത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. ‘നെഹ്‌റു ജി അറിയപ്പെടുന്നത് അദ്ദേഹം ചെയ്ത പ്രവര്‍ത്തികളാലാണ്. അദ്ദേഹത്തിന്റെ പേര് കൊണ്ടല്ല’- രാഹുല്‍ പറഞ്ഞു
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാക്കിക്കൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ഇതിനുപിന്നാലെ ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നെഹ്‌റുവിന്റെ പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്താനും നിരാകരിക്കാനും വളച്ചൊടിക്കാനും തകര്‍ക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആരോപിച്ചിരുന്നു. നിരന്തരമായ ആക്രമണങ്ങള്‍ക്കിടയിലും നെഹ്റുവിന്റെ പൈതൃകം ലോകത്തിനു മുന്നില്‍ നിലനില്‍ക്കുമെന്നും വരുംതലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.