
ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ഗര്‍ഡര്‍ നിലംപതിച്ചു. തുറവൂരില്‍ ഞായറാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
വേറെ സ്ഥലത്തുവെച്ച് പണിഞ്ഞുകൊണ്ട് വരുന്ന ഗര്‍ഡര്‍ പാലത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് പൊട്ടിയതാണ് 80 ടണ്‍ ഭാരവും 24 മീറ്റര്‍ നീളവുമുള്ള ഗര്‍ഡര്‍ താഴെ വീഴാന്‍ കാരണം എന്നാണ് വിവരം.
ആളപായമില്ലെങ്കിലും ഇത് പതിച്ചത് ദേശീയ പാതയ്ക്ക് കുറുകെയായതിനാല്‍ ഒന്നര മണിക്കൂറോളം ഇവിടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗര്‍ഡര്‍ കയറ്റിക്കൊണ്ടു പോകാന്‍ എത്തിച്ച ലോറിയും തകര്‍ന്നു. പിന്നീട് വലിയ ക്രെയിനുകളെത്തിച്ച് ഇത് ഉയര്‍ത്തി മാറ്റിയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
