പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. വിപുലമായ ആഘോഷ പരിപാടികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. ആഘോഷം ഒക്ടോബര്‍ 7 വരെ തുടരും. സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് പരിപാടികൾ.ഇതിനായി പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിജെപി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്.
നേരത്തെ, ഒറ്റ ദിവസത്തില്‍ ഒരു കോടിയിലധികം വാക്‌സിനുകള്‍ രാജ്യം നല്‍കിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ റെക്കോഡ് നമ്പര്‍ കോവിഡ് വാക്‌സിനുകള്‍ നല്‍കിയ ദിവസമായി ഇന്നത്തെ ദിവസത്തെ രേഖപ്പെടുത്തുന്നതിന് സാക്ഷ്യം വഹിക്കാനാണ് പാര്‍ട്ടി ശ്രമമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഷൻ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ തുടങ്ങിയ പരിപാടികൾ ബിജെപി നടത്തും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷൻ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളിൽ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും.
