രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് വ്യാപനം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിവരുന്ന സര്‍വേയിലാണ് ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിന്റെ തെളിവുകള്‍ ലഭിച്ചതെന്ന് ഐ.സി.എം.ആര്‍. എപ്പിഡമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മുന്‍ മേധാവിയായ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സര്‍വേ പൂര്‍ത്തിയായത്. ഇതില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിപ വൈറല്‍ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. അതിനാല്‍ മറ്റുസംസ്ഥാനങ്ങളിലും ചെറിയരീതിയില്‍ നിപ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് കേസുകള്‍ നേരത്തെ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വകഭേദമാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ പറഞ്ഞത്. മലേഷ്യയില്‍ കണ്ടെത്തിയ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന മരണനിരക്കാണ് ഇതിനുള്ളത്. ഇന്‍ഡക്‌സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം കണ്ടെത്തുക, ഇന്‍ഡക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാ കോണ്‍ടാക്ടും കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രധാനം. ഇതൊരു ജിഗ്‌സോ പസില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

2018-ല്‍ കേരളത്തില്‍ നിപ വ്യാപനം ഉണ്ടായപ്പോള്‍ ഇന്‍ഡക്‌സ് രോഗി വവ്വാലുമായി നേരിട്ട് കോണ്‍ടാക്ടില്‍ വന്നതായി കണ്ടെത്തിയിരുന്നു. 2018-ലും 2019-ലും മേയ് മാസത്തിലാണ് കേരളത്തില്‍ നിപ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വേനല്‍ക്കാലത്ത് വവ്വാലുകള്‍ മാങ്ങകള്‍ കഴിക്കാന്‍ വരുന്ന സമയമാണിത്. അതിനാല്‍ പഴവര്‍ഗങ്ങള്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കാനും വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശം നല്‍കി. 2021 സെപ്റ്റംബറില്‍ വീണ്ടും നിപ വൈറസ് വ്യാപനമുണ്ടായി. എന്നാല്‍, കോവിഡ് സമയത്ത് ക്വാറന്റീന്‍, ഐസോലേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതുമെല്ലാം അന്ന് നിപ കൈകാര്യം ചെയ്യാന്‍ തുണയായി. കേരളത്തില്‍ ഇത്തരത്തിലുള്ള വൈറസ് വ്യാപനം കൈകാര്യം ചെയ്യാന്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ആരോഗ്യസംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *