ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായിട്ടുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജര്‍ നാളെ ഷിരൂരില്‍ എത്തിക്കും. കാലാവസ്ഥ നിലവില്‍ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഗോവ തുറമുഖത്ത് നിന്ന് രാവിലെ ആറ് മണിയോടെ പുറപ്പെട്ട ഡ്രഡ്ജര്‍ ഇന്ന് രാത്രിയോടെ കാര്‍വാര്‍ തീരത്ത് എത്തിച്ചേരും. പുഴയിലെ അവസാനഘട്ട പരിശോധനകള്‍ക്ക് ശേഷം അഴിമുഖം കടന്ന് നാളെ ആയിരിക്കും ഡ്രഡ്ജര്‍ മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ എത്തിക്കുക. സ്ഥിതിഗതികളില്‍ വിലയിരുത്താന്‍ നാളെ കാര്‍വാറില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. ഡ്രഡ്ജിങ് കമ്പനി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

മഴ മാറി നില്‍ക്കുന്നതിനാല്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മുന്നോടിയായി പുഴയിലെ അടിയൊഴുക്ക് നാവികസേന വീണ്ടും പരിശോധിക്കും. നേവിയുടെ സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയ സ്‌പോട്ടിലെ മണ്ണും കല്ലുകളുമായിരിക്കും ആദ്യം നീക്കം ചെയ്യുക. തുടര്‍ന്ന് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും, ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനിറങ്ങും. ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം വൈകിയത്.

Leave a Reply

Your email address will not be published. Required fields are marked *