ന്യൂ ഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്.
ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിപാടിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ശ്രമത്തിനാണ് ഇതോടെ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.
സംഗമത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാരുടെ വാദം.ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
പരിപാടി വേണമെങ്കിൽ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ വച്ച് നടത്തിക്കോട്ടെ എന്നും പമ്പയിൽ വേണമെന്ന് നിർബന്ധം പിടിക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
