തെലുങ്ക് അധിക്ഷേപ പ്രസംഗത്തിൽ നടി കസ്തൂരിയെ റിമാൻഡ് ചെയ്തു. ചെന്നൈ എഗ്മോർ കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ 12 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ, നീതി പുലരട്ടെ എന്ന് മാധ്യമപ്രവർത്തകരോട് കസ്തൂരി പറഞ്ഞു.തമിഴ്നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നിരുന്നു. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തിരുന്നു. വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *