യു പിയിലെ ത്സാൻസി മെഡിക്കൽ കോളേജിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവില്‍ കിടത്തിയത് അമ്പതിലധികം കുട്ടികളെയായിരുന്നു എന്നതടക്കമുള്ള കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.വെള്ളിയാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ഐ സി യുവില്‍ തീപിടുത്തമുണ്ടായത്. 54 കുഞ്ഞുങ്ങളാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. പത്തു കുഞ്ഞുങ്ങളാണ് തീപിടുത്തത്തില്‍ വെന്തു മരിച്ചത്. 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഈ കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. പത്ത് കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐ സി യുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്നാണ് യു പി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. തീപിടുത്ത സമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുികള്‍ പ്രവര്‍ത്തിച്ചില്ല എന്ന് ദൃക്സാക്ഷികളും വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കെയാണ് അപകടമുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ യു പി സര്‍ക്കാര്‍ നാലംഗ അന്വേഷണ കമ്മീഷനെയാണ് നിയോഗിച്ചത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആരോഗ്യവകുപ്പിന്‍റെ കെടുകാര്യസ്ഥതയാണ് അപകടകാരണമെന്നാരോപിച്ച പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കുകയാണ്. അതിനിടെ 10 നവജാതശിശുക്കളിൽ 7 പേരുടെ പോസ്റ്റ്‌മോർട്ടം നടത്തിയതായി ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിറ്റി) ഗ്യാനേന്ദ്ര കുമാർ സിംഗ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *