സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ചേർത്തു നിർത്തിയാണ് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള മുന്നോട്ടുപോകുന്നത്. ഭിന്നശേഷി സൗഹൃദമായ മേളയിൽ ഭിന്നശേഷിയുള്ളവർക്ക് കരുതലും പരിഗണനയും ഉറപ്പുവരുത്തുകയാണ് ചലച്ചിത്ര അക്കാദമി. കേൾവി പരിമിതിയുള്ളവർക്കായി മേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളുടെ ആംഗ്യഭാഷയിലുള്ള അവതരണം തത്സമയം നടക്കുന്നു. നിശാഗന്ധിയിൽ അരങ്ങേറുന്ന പരിപാടികളിലാണ് ആംഗ്യഭാഷയിലും പ്രസംഗവുമുൾപ്പെടെ അവതരിപ്പിക്കുന്നത്. വിദേശ പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇതാദ്യമായാണ് ആംഗ്യഭാഷയിലുള്ള അവതരണം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ അധ്യാപികയും സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്ററുമായ സിൽവി മാക്‌സി മേനയാണ് പ്രതിഫലം കൈപ്പറ്റാതെ ഐഎഫ്എഫ്‌കെയിലെ ആംഗ്യഭാഷാ അവതാരകയായെത്തിയിരിക്കുന്നത്. ഇത്തവണത്തേത് ഭിന്നശേഷി സൗഹൃദമേളയാണെന്ന പത്രവാർത്ത കണ്ടപ്പോഴാണ് റാംപുൾപ്പെടെയുള്ള സൗകര്യങ്ങൾ ഐഎഫ്എഫ്‌കെയുടെ ഭാഗമായി ഒരുക്കുന്നുണ്ടെങ്കിലും അതിൽ ആംഗ്യഭാഷാ അവതരണമില്ലെന്ന് സിൽവിക്ക് മനസ്സിലായത്. തുടർന്ന് ആംഗ്യഭാഷ അവതാരകയാകാനുള്ള താത്പര്യം സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലിനെ അറിയിക്കുകയായിരുന്നു. സന്നദ്ധ സേവനത്തിനുള്ള സിൽവിയുടെ താത്പര്യം അറിഞ്ഞതോടെ ചലച്ചിത്ര അക്കാദമി അവതാരകയാകാൻ അനുമതി നൽകി.

ഉദ്ഘാടനദിനം മുതൽ നിശാഗന്ധിയിൽ നടക്കുന്ന പരിപാടികളിലെല്ലാം സ്ഥിരസാന്നിധ്യമാണ് സിൽവി മാക്‌സി മേന. വേദിയിലെ അവതരണത്തിന് ശേഷം നന്ദി അറിയിച്ചുകൊണ്ട് തന്റെ മുന്നിലെത്തുന്ന കേൾവി പരിമിതരായവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് സിൽവി പറയുന്നു. ചലച്ചിത്ര മേളയിൽ ആംഗ്യഭാഷയ്ക്ക് പ്രാധാന്യം നൽകുമ്പോൾ കേൾവി പരിമിതർ ഈ വേദിയിൽ അംഗീകരിക്കപ്പെടുകയാണെന്ന് സിൽവി പറഞ്ഞു.

മുദ്രകളിലൂടെ സിൽവി സംസാരിക്കുമ്പോൾ അവർക്ക് മുന്നിൽ ഐഎഫ്എഫ്‌കെ എന്ന രാജ്യാന്തര വേദിയുടെ വാതിലുകൾ കൂടിയാണ് തുറക്കപ്പെടുന്നത്. ഭിന്നശേഷിയുള്ളവർക്കായി ഇന്ത്യൻ ആംഗ്യഭാഷയിലെ മുദ്രകളെ അടിസ്ഥാനപ്പെടുത്തി മുദ്രനടനമെന്ന പേരിൽ നൃത്തവും ചിട്ടപ്പെടുത്തിയിട്ടുണ്ട് സിൽവി. ഭിന്നശേഷിസൗഹൃദമായ ഇത്തവണത്തെ മേളയിൽ ഭിന്നശേഷിയുള്ളവർക്ക് വരി നിൽക്കാതെ തന്നെ തിയേറ്ററുകളിലേക്ക് പ്രവേശനമുണ്ട്. നിശാഗന്ധിയടക്കം വേദികളിൽ റാംപ് ഉൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *