രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം സെഷൻസ് കോടതി ഡിസംബർ 20-ലേക്ക് മാറ്റി. ബലാത്സംഗ പരാതി നൽകിയ യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് ബെംഗളൂരുവിൽ നിന്ന് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, യുവതിയുടെ ആവശ്യപ്രകാരമാണ് മരുന്ന് നൽകിയതെന്നും അത് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ജോബി കോടതിയിൽ വാദിക്കുന്നത്. നിലവിൽ ഒളിവിലുള്ള ബിസിനസുകാരനായ ജോബിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഗർഭച്ഛിദ്രത്തിനായി താൻ കഴിച്ച മരുന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയെന്നും അമിത രക്തസ്രാവത്തെത്തുടർന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയെങ്കിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പീഡന പരാതിയിൽ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വിവാദങ്ങളെത്തുടർന്ന് രാഹുലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *