കണിയാമ്പറ്റ പച്ചിലക്കാട് കണ്ടെത്തിയ കടുവ പാതിരി റിസർവ് വനത്തിലേക്ക് കയറി പോയതായി DFO അജിത്ത് കെ രാമൻ പറഞ്ഞു. കടുവയെ കാടുകയറ്റാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്നുദിവസത്തെ ശ്രമകരമായ ദൗത്യമാണ് ഇതോടെ വിജയിച്ചത്. പാതിരി റിസർവിലെ നീർവാരം വനമേഖലയിലേക്ക് കടുവയെ തിരിച്ചുവിടാനായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവയെ ആദ്യം പടിക്കം വയലിലും പിന്നീട് പുളിക്കൽകുന്ന് വയലിലും കണ്ടെത്തിയിരുന്നു.

കടുവയെ നീർവാരം വനമേഖലയിലേക്ക് എത്തിക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയിൽ വനം വകുപ്പുദ്യോഗസ്ഥർ പുളിക്കൽ വയലിന്‍റെ മൂന്നു ഭാഗത്തും കുങ്കിയാനകളെ കൊണ്ടുവരികയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ദൗത്യം വിജയിച്ചില്ലെങ്കിൽ കടുവയെ മയക്കുവെടി വെക്കാനായിരുന്നു നീക്കമെങ്കിലും ഇത് വേണ്ടി വന്നില്ല. കടുവ കാട് കയറിയെങ്കിലും തുടർ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു. ഇതിനായുള്ള സംവിധാനങ്ങൾ വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *