വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വൈറസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഈ മാസം 22 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുക.യു.കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ഒഴികെ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകം.
യാത്രക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ വിമാനത്തില്‍ പ്രവേശിക്കുകയുള്ളൂ. കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ മാത്രമാണ് നിബന്ധനയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. തെറ്റായ വിവരം അപ്‌ലോഡ് ചെയ്താൽ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്നേക്കും.