ജി20 ഉച്ചകോടിക്കായി റോഡരികിൽ വെച്ച പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികൾ ലക്ഷങ്ങൾ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കൾ മോഷ്ടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

മാർച്ച് 20 മുതൽ 22 വരെ നടക്കുന്ന ജി 20 യോഗത്തിനെത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും ഡിവൈഡറിലുമൊക്കെ ചെടിച്ചട്ടികള്‍ വെച്ചിരുന്നു. ഇതാണ് യുവാക്കൾ മോഷ്ടിച്ചത്.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ബിഎംഡബ്ല്യു കാറിൽ വന്ന പ്രതികൾ വാഹനം നിര്‍ത്തിയ ശേഷം കാറിന്‍റെ ബൂട്ടിൽ മൂന്ന് ചെടിച്ചട്ടികള്‍ കയറ്റി കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

വീഡിയോ വൈറലായതോടെയാണ് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നാഗ്പ്പൂർ സ്വദേശികളായ 25ഉം 22ഉം വയസ്സുള്ള യുവാക്കളാണ് പ്രതികൾ. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *