പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെത്തുടർന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അടൂർ ആർ.ഡി.ഒയുടേതാണ് നടപടി. നേരത്തെ ഇതേ പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഇവരുടെ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത് എന്നതിനാലാണ് ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്.

റേഷൻ കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ള നൽകിയ പരാതിയിലാണ് നടപടി. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന് വ്യാജമായി രേഖപ്പെടുത്തിയാണ് ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് അങ്ങനെയൊരു സഹോദരിയോ മകളോ ഇല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. 2024 സെപ്റ്റംബറിൽ കാർഡ് ഉടമ മരിച്ചതിന് പിന്നാലെയാണ് ഈ ക്രമക്കേട് പുറത്തുവന്നത്.

വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതോടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തിൽ അയോഗ്യത വരാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രീനാദേവി കുഞ്ഞമ്മ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ഇവരുടെ നീക്കം. ബന്ധുക്കളെ സ്വാധീനിച്ച് സിപിഐ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണിതെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. എന്നാൽ പരാതിയിൽ വ്യക്തമായ തെളിവുകളുണ്ടെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *