തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനാവശ്യമായ താമസമില്ലെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാർട്ടി നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിനെപ്പോലെ കേരളത്തിൽ മാത്രമുള്ള പാർട്ടിയല്ല കോൺഗ്രസ് എന്നും ദേശീയ പാർട്ടിയെന്ന നിലയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഉൾപ്പെടെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെന്നും നോമിനേഷൻ ഫോം പോലും കിട്ടാൻ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എങ്കിലും നാളെ മുതൽ യുഡിഎഫ് സജീവമായ പ്രചാരണത്തിലേക്ക് കടക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരന്റികളിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലല്ല, മറിച്ച് സിപിഐഎമ്മിലാണ് വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. ഇതിനുമുമ്പ് ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള കലഹമാണ് സിപിഐഎമ്മിനുള്ളിൽ നടക്കുന്നത്. പാർട്ടി വിട്ട് പുറത്തുവരുന്ന നേതാക്കളുടെ എണ്ണം തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും എന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരനും ഏതാനും എംപിമാർക്കും മത്സരിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതിയാണ്. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും സുധാകരൻ ഉൾപ്പെടെയുള്ളവർ അംഗീകരിക്കും. സുധാകരനെ സംബന്ധിച്ച് പാർട്ടിയാണ് ഏറ്റവും വലുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *