ബംഗളൂരു: റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിലെ വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊറിയർ ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വന്തം പിതാവിനെ ഒരു വലിയ ചാക്കിലാക്കി കൊറിയർ അയക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.

യുവതി, ഭർത്താവ്, അമ്മായിയമ്മ, ഭർതൃസഹോദരൻ എന്നിവരാണ് വലിയൊരു പാർസലുമായി കൊറിയർ സർവീസ് ഓഫീസിൽ എത്തിയത്. പാർസലിനുള്ളിൽ എന്താണെന്ന് ജീവനക്കാർ ചോദിച്ചെങ്കിലും ഇവർ മറുപടി നൽകാൻ തയ്യാറായില്ല. സംശയം തോന്നിയ ജീവനക്കാർ ചാക്ക് തുറന്നു നോക്കിയപ്പോൾ, ഉള്ളിൽ യുവതിയുടെ പ്രായമായ പിതാവിനെയാണ് കണ്ടെത്ത്.

റീൽ ചിത്രീകരണത്തിന് വേണ്ടി ആയിരുന്നു ഇവരുടെ ഈ സാഹസം. ഉഗാദി, റംസാൻ തുടങ്ങിയ ഉത്സവ സീസണുകളിൽ ബസ് ടിക്കറ്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കാനാണ് ഇത്തരമൊരു ‘റീൽ’ ചെയ്യാൻ ശ്രമിച്ചതെന്ന് കുടുംബം പൊലീസിനോട് വെളിപ്പെടുത്തി. ബസ് ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തിൽ ആളുകളെ കൊറിയർ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ല എന്ന് കാണിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ചാക്കിനുള്ളിലായിരുന്ന വൃദ്ധൻ ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തങ്ങളുടെ പ്രവൃത്തി പിടിക്കപ്പെട്ടിട്ടും, തങ്ങൾ ഇത്രയും ദൂരം കഷ്ടപ്പെട്ട് വന്നതാണെന്നും അതിനാൽ പാർസൽ സ്വീകരിക്കണമെന്നും പറഞ്ഞ് ഇവർ ജീവനക്കാരുമായി തർക്കിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസുകാർ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തങ്ങൾ ചെയ്തത് നിരുത്തരവാദപരമായ പ്രവൃത്തിയാണെന്ന് സമ്മതിച്ച് മാപ്പ് വീഡിയോ റെക്കോർഡ് ചെയ്തതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി ഇവരെ പോലീസ് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *