പറവൂർ ചേന്ദമംഗലത്ത് വഴിത്തർക്കത്തെത്തുടർന്നുള്ള മുൻവൈരാഗ്യത്താൽ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്. പ്രതിയായ രാമകൃഷ്ണനെ (60) ആണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017 സെപ്റ്റംബർ 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസിയായ ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗിൽസന്റെ സഹോദരൻ ജിന്റോയ്ക്കും (45) ഗുരുതരമായി പരിക്കേറ്റിരുന്നു.

ജിന്റോയെ ആക്രമിച്ച കുറ്റത്തിന് രാമകൃഷ്ണന് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും അധികമായി വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ കൊല്ലപ്പെട്ട ഗിൽസന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ ജിന്റോയ്ക്കും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ രണ്ടാം പ്രതിയായ വർഗീസിന് മൂന്ന് മാസം തടവും പിഴയുമാണ് ശിക്ഷ. അതേസമയം, മൂന്നാം പ്രതിയായിരുന്ന തമ്പിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

ഗോതുരുത്തിലെ തറവാട് സ്വത്തിൽ വഴി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തെ തന്നെ നിരവധി പരാതികൾ വടക്കേക്കര പോലീസ് സ്റ്റേഷനിൽ നിലവിലുണ്ടായിരുന്നു. സംഭവ ദിവസം ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപം നിന്നിരുന്ന സഹോദരങ്ങളെ പ്രതികൾ ആക്രമിക്കുകയായിരുന്നു. വടക്കേക്കര പോലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. മുരളി അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *