രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ തന്നെ നാം വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി തയ്യാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെയാണ് ഒരുക്കുന്നത്. നിലവില്‍ മഹാമാരിക്കെതിരെ പോരാടുന്ന ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാകും. ഇതുവഴി ഇവര്‍ക്ക് ജോലി ലഭ്യമാവുകയും ചെയ്യും.’ പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രാഷ് കോഴ്‌സ് പരിപാടി പുതിയ ഊര്‍ജം നല്‍കുമെന്ന് മാത്രമല്ല, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം, സ്‌റ്റൈപ്പന്‍ഡ്, ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

ജൂണ്‍ 21 മുതല്‍ 45 വയസ്സിന് മുകളിലുള്ളവരുടേതിന് സമാനമായ രീതിയില്‍ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിമാരായ മഹേന്ദ്ര നാഥ് പാണ്ഡെ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കോവിഡ് പോരാളികളെ പരിശീലിപ്പിക്കുന്നതാണ് പരിപാടി. ആറ് മേഖലകളിലായിട്ടാണ് പരിശീലനം. ഹോം കെയര്‍ സപ്പോര്‍ട്ട്, ബേസിക് കെയര്‍ സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കെയര്‍ സപ്പോര്‍ട്ട്, എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, സാമ്പിള്‍ കളക്ഷന്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്യുപ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. 276 കോടി രൂപയാണ് കേന്ദ്രം ഇതിന് അനുവദിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *