ലക്ഷദ്വീപിലെ സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും, ഡിആര്‍ഡിഎയും ലയിപ്പിക്കാന്‍ ശുപാര്‍ശ നല്‍കി. കേഡര്‍ റിവ്യൂ ചുമതലയുള്ള സെപ്ഷ്യല്‍ സെക്രട്ടറി ഒപി മിശ്രയാണ് അഡ്മിനിസ്‌ടേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പുകള്‍ ലയിപ്പിക്കുമ്പോള്‍ ചില തസ്തികകള്‍ അനിവാര്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിആര്‍ഡിഎയിലെ പ്രൊജക്ട് ഓഫീസര്‍മാര്‍ അടക്കം 35 ഓളം തസ്തികകള്‍ ആണ് ഭാവിയില്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മലയാളം, മഹല്‍ ഭാഷാ ട്രാന്‍സിലേറ്റര്‍ തസ്തിക ഇനി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷ ദ്വീപില്‍ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിന്റെ ഭാഗമായി കൃഷി,മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാര്‍ ജീവനക്കാരെയാണ് ഒറ്റയടിക്ക് ഭരണകൂടം പിരിച്ചു വിട്ടത്.

ഓരോ വര്‍ഷവും കരാര്‍ പുതുക്കുന്നതായിരുന്നു രീതി. അഡ്മിനിസ്‌ടേറ്ററുടെ നടപടി നിരവധി പേരുടെ ജീവതമാണ് പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ കൃഷി വകുപ്പില്‍ 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാന്‍ ഭരണകൂടം നടപടി തുടങ്ങി. ഇതോടെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. നടപടികളില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഞങ്ങളുടെ തൊഴില്‍ തിരിച്ച് തരൂ എന്ന പ്ലക്കാഡ് ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടുതല്‍ വകുപ്പുകളില്‍ ജീവനക്കാരെ കുറയ്ക്കാനുള്ള കടുത്ത നിര്‍ദ്ദേങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *