മദ്ധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്. ഭാര്യയെ കണ്ട് മടങ്ങവേയാണ് മദ്ധ്യപ്രദേശില്‍ വച്ച് കാണാതായത്.
ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ് കാണാതായത്. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ടതായാണ് സംശയം. ഇദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ വാഹനം തകര്‍ന്ന നിലയിലായിരുന്നു. ഈ കാര്‍ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃതദേഹം ലഭിച്ചത്.
തിങ്കളാഴ്ച വൈകിട്ട് എട്ടുമണിയോടെ നാട്ടിലുള്ള അമ്മയെയും 8.30ന് ഭാര്യയെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മഴ കാരണം റോഡില്‍ കടുത്ത ഗതാഗത തടസമുള്ള കാര്യം പറഞ്ഞിരുന്നെങ്കിലും എന്തെങ്കിലും അപായ സാധ്യത അറിയിച്ചിരുന്നില്ല. അന്നു രാത്രി 9 മണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. തുടര്‍ന്നു മാതാപിതാക്കള്‍ ആര്‍മി ഉദ്യോഗസ്ഥരെ അറിയിച്ചതിനു പിന്നാലെ തിരച്ചില്‍ ആരംഭിച്ചു. ഈ റോഡില്‍ പ്രളയ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും നിര്‍മല്‍ ഇക്കാര്യ അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്. മദ്ധ്യപ്രദേശ് പൊലീസ് സംഘത്തിനൊപ്പം എന്‍ ഡി ആര്‍ എഫ് സംഘത്തെയും തെരച്ചിലിനായി നിയോഗിച്ചിക്കുകയായിരുന്നു. ജബല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഗോപി ചന്ദ്രയാണ് നിര്‍മ്മലിന്റെ ഭാര്യ.