സ്പോർട്സ് ക്വോട്ട പ്രവേശനം
ഗവ.കോളേജ് തലശ്ശേരി ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകള്‍ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അപേക്ഷ ആഗസ്റ്റ് 21 നുള്ളിൽ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9747822484, 9188900210
അപേക്ഷകള്‍ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി (മെഡിക്കൽ ഓഫീസർ : https://tinyurl.com/yyhfvpht സ്‌പെഷ്യൽ എജുക്കേറ്റർ : https://tinyurl.com/27hccmky ) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990
ഇന്റർവ്യൂ
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്‌സിംഗ് പ്രാക്ടിക്കൽ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം. നഴ്‌സിംഗ് കോഴ്സുകൾ പാസായവർക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒരു വർഷം നീണ്ടു നിൽക്കുന്ന നഴ്‌സിംഗ് പ്രവൃത്തിപരിചയ പരിശീലന പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ആദ്യത്തെ ആറുമാസം മൂവായിരം രൂപ സ്റ്റെപ്പെന്റോട് കൂടിയ ട്രെയിനിംഗും പിന്നീടുള്ള ആറുമാസം ഏഴായിരം രൂപ സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിംഗും ആയിരിക്കും.
ഇന്റർവ്യൂ
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യത: എം ഫിൽ ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്‌ട്രേഷനും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐഡന്റിഫിക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു
മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ കോസ്മറ്റോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ് ), ഇന്റീരിയൽ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരോ ഒഴിവിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 23ന് രാവിലെ പത്ത് മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976
യോഗം ഉണ്ടായിരിക്കുന്നതല്ല
ജില്ലാ വികസന സമിതിയുടെ 2023 ആഗസ്റ്റ് മാസത്തെ യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ബേപ്പൂർ ഹെെ ടെെഡ് പദ്ധതി: രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
ബേപ്പൂർ ഹെെ ടെെഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് ഡിസബിലിറ്റി മെഡിക്കൽ സർട്ടിഫിക്കറ്റും ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും യുഡിഐഡി കാർഡുകളും ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫോറങ്ങൾ നൽകി തുടങ്ങി. ചെറുവണ്ണൂരിലെ എം.എൽ.എ ഓഫീസ്, കോർപറേഷന്റെ ബേപ്പൂർ, ചെറുവണ്ണൂർ സോണൽ ഓഫീസുകൾ, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഫറോക്ക് ബി.ആർ.സി, മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ എന്നിവരിൽ നിന്നും ഫോറങ്ങൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31നകം എം.എൽ.എ ഓഫീസിൽ എത്തിക്കണം.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഡിസബിലിറ്റി മെഡിക്കൽ സർട്ടിഫിക്കറ്റ്, ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും യുഡിഐഡി കാർഡുകളും ലഭ്യമാക്കും. സെപ്റ്റംബർ 11,12,13 തിയ്യതികളിലായി മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തും.
”ബേപ്പൂർ ഹൈ ടൈഡി”ലൂടെ (ഹയർ ഇനിഷ്യേറ്റീവ് ഓൺ ടോട്ടൽ ഇൻക്ലൂഷൻ ഡ്രൈവ് ഫോർ ഇക്വിറ്റി) മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സമഗ്ര ശിക്ഷാ കേരളം, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സിആർസി കോഴിക്കോട് എന്നിവരെ ഏകോപിപ്പിച്ചാണ് ബേപ്പൂർ ഹെെ ടെെഡ് പദ്ധതി നടപ്പാക്കുക.
പി.ജി മെഡിക്കൽ, ദന്തൽ കോഴ്സ്: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പി.ജി മെഡിക്കൽ, ദന്തൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ കോളേജുകളിൽ ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് ഒന്നിനകം പ്രവേശനം നേടണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഓവർസീസ് സ്‌കോളർഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 15. ഫോൺ: 0471-2727379.
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിൽ ഒഴിവ്
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് കൺട്രോളർ ഓഫ് എക്സാമിനേഷൻ, മാനേജർ (അഡ്മിനിസ്ട്രേഷൻ), മാനേജർ (ടെക്നിക്കൽ), ചെയർമാന്റെ പി.എ എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
കൺട്രോളർ ഓഫ് എക്സാമിനേഷന് 118100 - 163400 രൂപയാണ് ശമ്പള സ്കെയിൽ. അന്യത്രസേവന വ്യവസ്ഥയിലാണ് നിയമനം. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി തസ്തികയിൽ കുറയാത്ത പദവി വഹിക്കുന്നവർക്കും കോളജ് വിദ്യാഭ്യാസ വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ റാങ്കിലോ യൂണിവേഴ്സിറ്റിയിലെ സമാന റാങ്കിലോ പദവി വഹിക്കുന്നവർക്കും അപേക്ഷ നൽകാം.
മാനേജർ (അഡ്മിനിസ്ട്രേഷൻ) ശമ്പളസ്കെയിൽ 57400 - 110300 രൂപ. സെക്ഷൻ ഓഫീസർ തസ്തികയിലോ സമാന പദവിയിലോ ഉള്ള സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.
മാനേജർ (ടെക്നിക്കൽ) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ റാങ്കിലുള്ള എൻജിനിയർ അല്ലെങ്കിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 15 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാതൃസ്ഥാപനത്തിലെ സ്കെയിലായിരിക്കും വേതനം നൽകുക.
ചെയർമാന്റെ പി.എ ശമ്പളസ്കെയിൽ 56500 – 118100 രൂപ. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) ആൻഡ് മലയാളം (ലോവർ), ഷോർട്ട് ഹാന്റ് (ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ)). അഭികാമ്യം - സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ ഉള്ളവർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.
ജീവനക്കാർ കെഎസ്ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേധാവി മുഖേന സെപ്റ്റംബർ 15നകം സെക്രട്ടറി, കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ നൽകണം.
കെ ഫോൺ : കേബിൾ, ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം
കെ ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രാദേശിക കേബിൾ/ ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം നടത്തുന്നു. മൂവാറ്റുപുഴ നക്ഷത്ര കൺവെൻഷൻ സെന്ററിൽ 21ന് രാവിലെ 10 മുതൽ 2 വരെയാണ് പരിപാടി. പങ്കെടുക്കുന്നവർ https://selfcare.kfon.co.in/partnerenquiry.php യിൽ രജിസ്റ്റർ ചെയ്യണം.
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്
ടൂറിസം വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. പ്ലസ്ടു/ തത്തുല്യം/ ഡിഗ്രി ആണ് യോഗ്യത.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണായി
കെ.വി. മനോജ്കുമാർ ചുമതലയേറ്റു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണായി കെ.വി.മനോജ്കുമാർ ചുമതലയേറ്റു. 2023 ജൂൺ 28 നായിരുന്നു ചെയർപേഴ്‌സന്റെ കാലാവധി അവസാനിച്ചത്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ,തലശ്ശരി ബാറിൽ അഭിഭാഷകൻ, സഹകരണ ഓംബുഡ്‌സ്മാൻ, റബ്‌കോ ലീഗൽ അഡൈ്വസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കെ.വി.മനോജ്കുമാർ കമ്മീഷൻ ചെയർപേഴ്‌സണായിരുന്ന 2020-23ൽ 14പ്രത്യേക റിപ്പോർട്ടും ശുപാർശകളും സർക്കാരിന് സമർപ്പിച്ചു. 5886 കേസുകൾ തീർപ്പാക്കി. കേരളത്തിലുടനീളം നടത്തിവരുന്ന ബൃഹത്തായ പ്രചാരണ പരിപാടിയായ ബാലസൗഹൃദ കേരളം 4 ഘട്ടം പൂർത്തിയാക്കി. വിവിധ പ്രദേശങ്ങളിൽ 200 ലധികം സന്ദർശനങ്ങൾ നടത്തി. 13 ആദിവാസി ഊരുകളിൽ കരുതൽ 2022 എന്ന പേരിൽ ശിൽപ്പശാലകൾ സംഘടിപ്പിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഫെസ്റ്റ് ഓഫ് ഹാപ്പിനസ് എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൽ ബാലവേലയും ബാലവിവാഹവും ഇല്ലാതാക്കാൻ ശുപാർശകളും നിർദ്ദേശങ്ങളും സർക്കാരിന് നൽകി. 579 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനത്തിൽ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്ഥാപനാധികാരികൾക്ക് പരിശീലനം തുടങ്ങി നിരവധി പ്രവർത്തങ്ങൾ നടത്തിയിയിരുന്നു.
പരിസ്ഥിതി അനുമതി പുതുക്കണം
ജില്ലാ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്ന് 2016 ജനുവരി 15 മുതൽ 2018 സെപ്റ്റംബർ 13 വരെ നേടിയ പാരിസ്ഥിതികാനുമതികൾ പുതുക്കണം. ഇതിനുള്ള അപേക്ഷ PARIVESH പോർട്ടൽ മുഖേന സമർപ്പിക്കണം. പുതുക്കാത്ത പാരിസ്ഥിതികാനുമതികൾക്ക് 2024 ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടാകില്ല. വിശദവിവരങ്ങൾക്ക്: www.seiaakerala.in.
താത്പര്യപത്രം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2023-24” ൽ IELTS/TOEFL/OET/NCLEX തുടങ്ങിയവയ്ക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നു. അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നവയാകണം. താല്പര്യപത്രം, നിർദ്ദിഷ്ട മാതൃക എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in ൽ ലഭിക്കും.
