പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ലെന്നും മമതാ ബാനര്‍ജിയാണെന്നും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് . തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ വെള്ളിയാഴ്ച ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വിശകലനവാർത്തയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷേ, നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല.ബംഗാളിൽ ബി.ജെ.പിയുടെ നീക്കങ്ങൾ പരാജയപ്പെടുത്തിയത് മമത ബാനർജിയുടെ തന്ത്രങ്ങളാണ്.മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ള എന്ന മുഖപത്രത്തിൽ പറയുന്നു.
മുഖപത്രത്തിലെ വിമർശനങ്ങളിൽ മമത ബാനർജിക്കെതിരെ ശക്തമായി തിരിച്ചടിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്ത് വന്നു. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാന്‍ ചില പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലേഖനം.
