ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ചരിത്രപരമായ കെട്ടിടത്തോടു യാത്രപറയാൻ ഒരുങ്ങുകയാണ് നാം. സ്വാതന്ത്ര്യത്തിനു മുൻപ് ഈ കെട്ടിടം ബ്രിട്ടിഷ് ഇന്ത്യയുടെ ഇംപീരിയൽ ലെജിസ്‍ലേറ്റീവ് കൗൺസിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം ഇത് ഇന്ത്യയുടെ പാർലമെന്റായി. വിദേശ ഭരണാധികാരികളാണ് ഈ കെട്ടിടം നിർമ്മിക്കാനുള്ള തീരുമാനമെടുത്തത് എന്നത് ശരിയാണ്. എന്നാൽ ഇത് നിർമിക്കാൻ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്തത് ഇന്ത്യക്കാരാണ്.
എംപിയായി ആദ്യം പാർലമെന്റ് മന്ദിരത്തിലേക്കു വന്നപ്പോൾ ജനാധിപത്യത്തിന്റെ ക്ഷേത്രത്തോടുള്ള ആദരവായി ഞാൻ പടികൾ തൊട്ടുവന്ദിച്ചു. അതെനിക്കു ശരിക്കും വൈകാരികമായ നിമിഷമായിരുന്നു. ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു കുട്ടിക്ക്, റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയ ബാല്യമുള്ള ഒരാൾക്ക് പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കാൻ കഴിയുമെന്നുപോലും കരുതിയിരുന്നില്ല. ജനങ്ങളിൽനിന്ന് ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ന് ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണ്. നമ്മുടെ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തിന്റെ കൂട്ടായ പ്രയത്‌നങ്ങളുടെ ഫലമാണിത്. ചന്ദ്രയാൻ 3ന്റെ വിജയം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവൻ അഭിമാനമാകുന്നതാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ്, 140 കോടി ജനങ്ങളുടെ കരുത്ത് എന്നിങ്ങനെ ഒരു പുതിയ ഇന്ത്യയെ തന്നെ ലോകം അറിഞ്ഞു. ഇന്നു ഞാൻ വീണ്ടും ഇന്ത്യയുടെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയാണ്.
ജി 20 ഉച്ചകോടിയുടെ വിജയത്തിൽ നിങ്ങളെല്ലാവരും അഭിനന്ദിക്കുന്നു. ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ജി20യുടെ വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ വിജയമാണ്. ഇത് ഒരു വ്യക്തിയുടെയോ പാർട്ടയുടെയോ വിജയമല്ല, മറിച്ച് ഇന്ത്യയുടെ വിജയമാണ്. ഇത് നാം എല്ലാവരും ആഘോഷിക്കേണ്ട വിജയമാണ്.
പാർലമെന്റിനു നേരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. അത് ഒരു കെട്ടിടത്തിന് നേരെയുള്ള ആക്രമണം ആയിരുന്നില്ല, മറിച്ച് ജനാധിപത്യത്തിന്റെ മാതാവിനു നേരെയുള്ള ആക്രമണമായിരുന്നു. ഈ രാജ്യത്തിന് അതൊരിക്കലും മറക്കാനാകില്ല. പാർലമെന്റ് മന്ദിരത്തെയും അതിലെ അംഗങ്ങളെയും സംരക്ഷിക്കുന്നതിനായി, ഭീകരർക്കെതിരെ പോരാടുന്നതിനിടയിൽ വെടിയുണ്ടകൾ നെഞ്ചിലേറ്റു വാങ്ങിയവർക്കു മുന്നിൽ ഞാൻ പ്രണമിക്കുന്നു.
ഈ പാർലമെന്റ് മന്ദിരത്തോട് വിടപറയുക എന്നത് വൈകാരികമായ നിമിഷമാണ്. നിരവധി മധുരമുള്ളതും കയ്പേറിയതുമായ അനുഭവങ്ങൾക്ക് ഈ മന്ദിരം സാക്ഷിയായി. നിരവധി വാഗ്വാദങ്ങളൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഇവിടെ നാം സാക്ഷിയായി, അതുപോലെ ഒരു വീടു പോലെയും അനുഭവപ്പെട്ടു. നിരവധി ചരിത്രപരമായ തീരുമാനങ്ങൾക്കും നൂറ്റാണ്ടുകളായി കെട്ടിക്കിടന്ന പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടായി. ജമ്മു കശ്മീരിലെ പ്രത്യേക നിയമം (ആർട്ടിക്കിൾ 370) എടുത്തുകളയാൻ സാധിച്ചുവെന്ന് ഈ മന്ദിരം അഭിമാനത്തോടെ പറയും. ജിഎസ്ടി ഇവിടെയാണ് നടപ്പാക്കിയത്. ഒരു റാങ്ക് ഒരു പെൻഷനും ഇവിടെയാണ് ഉണ്ടായത്. ഒരു വാഗ്വാദങ്ങളുമില്ലാതെ രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിന്നവർക്ക് 10 ശതമാനം സംവരണം അനുവദിക്കാൻ തീരുമാനമായതും ഇവിടെനിന്നാണ്.
ഈ പാർലമെന്റ് മന്ദിരത്തിൽ പ്രതിധ്വനിച്ച പണ്ഡിറ്റ് നെഹ്റുവിന്റെ ‘ഈ അർധരാത്രിയിൽ…’എന്ന പ്രസംഗം നമ്മെ എന്നും പ്രചോദിപ്പിക്കും. ‘സർക്കാരുകൾ വരും, പോകും, പാർട്ടികൾ രൂപീകരിക്കും, ഇല്ലാതാകും, പക്ഷേ ഈ രാജ്യം അങ്ങനെ തന്നെ തുടരണം’.. എന്ന അടൽജിയുടെ വാക്കുകളും ഇന്നും ഇവിടെ പ്രതിധ്വനിക്കുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ‘വോട്ടിന് പണം’ അഴിമതിക്കും പാർലമെന്റ് സാക്ഷിയായി. നാലു എംപിമാർ മാത്രമുള്ള പാർട്ടി ഭരണപക്ഷത്തും നൂറ് എംപിമാരുള്ളവർ പ്രതിപക്ഷത്ത് ഇരിക്കുന്നതിനും സാക്ഷിയായി. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവയുടെ ഉദയത്തിൽ ആഘോഷങ്ങൾക്കും തെലങ്കാനയുടെ സൃഷ്ടിയിൽ ചില കയ്പേറിയ ഓർമകൾക്കും സാക്ഷിയായി. ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന ഒരു നിമിഷത്തിന്റെ സാക്ഷിയാകാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നാം പ്രവേശിക്കുന്നത് പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവുമായാണെന്ന് എനിക്ക് ഉറപ്പാണ്’’– മോദി പറഞ്ഞു. എല്ലാ അംഗങ്ങളോടും പാർലമെന്റുമായി ബന്ധപ്പെട്ട് അനുഭവം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.