പിസ വാങ്ങിയ വിദ്യാർത്ഥിയെക്കാണ്ട് നിർബന്ധിച്ച് സ്ഥാപനത്തിന്റെ ലോഗോയുള്ള ക്യാരി ബാഗ് വാങ്ങിപ്പിച്ച പിസ ഔട്ട്‌ലെറ്റിന് 11000 രൂപ പിഴയിട്ട് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ ഫോറം. പിഴ തുക ഉപഭോക്താവിന് തന്നെ പിസ ഔട്ട്‌ലെറ്റ് കൈമാറണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ നിര്‍ദേശം.2019 സെപ്റ്റംബറിലാണ് സംഭവം നടന്നത്.
നിര്‍ബന്ധപൂര്‍വ്വം കാരി ബാഗ് വാങ്ങിപ്പിച്ചതിന് കെ മുരളി കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഔട്ട്‌ലെറ്റിനെതിരേ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
വിദ്യാര്‍ഥിനിയില്‍ നിന്ന് പിസയുടെ നിരക്കിന് പുറമേ സ്ഥാപനത്തിന്റെ ലോഗോയുള്ള കാരി ബാഗിന് 7.62 രൂപ കൂടി ഔട്ട്‌ലെറ്റ് ഈടാക്കുകയായിരുന്നു. ഇതു ചോദ്യംചെയ്തതോടെ പിസ ഔട്ട്‌ലെറ്റുകാര്‍ അപമര്യാദമായി പെരുമാറിയെന്നും വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം ആരോപണങ്ങളെല്ലാം പിസ ഔട്ട്‌ലെറ്റ് നടത്തിപ്പുകാര്‍ നിഷേധിച്ചിരുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ ഫോറത്തില്‍ നിന്ന് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായത്.രണ്ടു വർഷം നീണ്ട കേസിനൊടുവിൽ കോടതി മുരളീ കുമാറിനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ലോഗോയുള്ള ബാഗ് തന്നെ കൊണ്ടു പോവണമെന്ന് കമ്പനിക്ക് നിർബന്ധം പിടിക്കാനാവില്ലെന്നും ഉപഭോക്താവിനെ ഒരു പരസ്യ ഏജന്റായി കാണരുതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.