മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കാളിയായി ഗാന്ധിജിയുടെ ചെറുമകൻ. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ ചേർന്നത്. പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഗാന്ധി-നെഹ്റു എപ്പോഴും ഒരുമിച്ചിരിക്കുന്നു’ എന്ന് ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ ആറ് മണിയോടെ അകോല ജില്ലയിലെ ബാലാപൂരിൽ നിന്നാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. ഷെഗാവിൽ എത്തിയപ്പോഴാണ് യാത്രയ്‌ക്കൊപ്പം തുഷാർ ഗാന്ധിയും ചേർന്നത്. തുഷാറിന്റെ ജന്മസ്ഥലമാണ് ഷെഗാവ്. സെപ്റ്റംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. നവംബർ 7ന് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ പ്രവേശിച്ചു. നന്ദേഡ്, ഹിംഗോലി, വാഷിം, അകോല ജില്ലകളിൽ ഇതിനോടകം യാത്രയെത്തി. നവംബർ 20ന് മധ്യപ്രദേശിലെത്തും.
അതേസമയം വി ഡി സവർക്കർക്കെതിരായ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേന ഷിൻഡെ വിഭാഗം നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സവർക്കറുടെ കൊച്ചുമകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഹിന്ദുത്വ ആശയപ്രചാരകൻ വി ഡി സവർക്കർക്കെതിരായ പ്രസ്താവന നടത്തിയത്. സവർക്കർ എഴുതിയ കത്തിന്റെ പകർപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചുവെന്ന് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. രക്ഷാപണ കത്തിൽ ഒപ്പിട്ട സസവർക്കർ നെഹ്റു, പട്ടേൽ തുടങ്ങിയ നേതാക്കളെ വഞ്ചിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.