താനെ: കാമുകിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് ഗെയ്ക്വാദ്, റോമില്‍ പട്ടേല്‍, സാഗര്‍ ഷെഡ്‌ഗെ എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഹീന്ദ്ര സ്‌കോര്‍പ്പിയോയും ലാന്‍ഡ്‌റോവറും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മഹേഷ് പാട്ടീല്‍ പറഞ്ഞു.

ഡിസംബര്‍ 11 ന് വൈകുന്നേരമാണ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 26 കാരിയായ പ്രിയ സിങ്ങിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായ പ്രിയ സിങ്ങ് ചികിത്സയിലാണ്. നാലരവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നെന്നും അശ്വജിത്തിനെ കാണാന്‍ ഹോട്ടലില്‍ പോയ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *