കൊയിലാണ്ടി അരീക്കോട് എസ് ഓ ജി എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി എസ് ഒ ജി കമാൻഡോകൾ. കൊയിലാണ്ടി അരീക്കോട് ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.

അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിൻറെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങൾ വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ വിനീതിനെ കണ്ടെത്തുന്നത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ക്യാമ്പിലെ റീഫ്രഷ്മെൻറ് പരിശീലനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്തിൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു അവസാന സന്ദേശം . പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എൻറെ ജീവൻ അതിനായി സമർപ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച അവസാന സന്ദേശത്തിൽ പറയുന്നു.നവംബറിൽ നടന്ന പരിശീലനത്തിൽ പരാജയപ്പെട്ടതോടെ ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് വിനീതിനെ ഏൽപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു.ഭാര്യ ഗർഭിണിയായതിനാൽ ഇടയ്ക്ക് ലീവുകൾക്ക് അപേക്ഷിച്ചിരുന്നു. ഇതൊന്നും നൽകിയില്ലെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു. നവംബറിൽ പരാജയപ്പെട്ടവർക്ക് വീണ്ടും റീഫ്രഷ്മെന്റ് കോഴ്സ് തുടങ്ങാൻ ഇരിക്കെയാണ് സ്വന്തം തോക്കിൽ നിന്ന് നിറയൊഴിച്ച് വിനീത് ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *