എം ആര്‍ അജിത്കുമാറിനെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡപ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും കാണിക്കില്ല, സർക്കാർ നിയമാനുസൃതമായിട്ടായിരിക്കും ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ നിലവില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

എന്നാൽ ക്രമസമാധാന ചുമതലയിൽ നിന്ന് നേരത്തെ അജിത്കുമാറിനെ മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ നേരിട്ടിരുന്നില്ല. അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കം.സാധാരണ ഗതിയില്‍ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ അതേപടി മന്ത്രിസഭായോഗം അംഗീകരിക്കുകയാണ് പതിവ്. അതനുസരിച്ചാണ് ഇത്തവണയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കിയത്. അതേസമയം, എം ആര്‍ അജിത്കുമാറിനെ കൂടാതെ 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് സുരേഷിനും ഡി ജി പി റാങ്ക് നല്‍കും. നിലവില്‍ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.

Leave a Reply

Your email address will not be published. Required fields are marked *