പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന നിർണ്ണായക ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ബിൽ ജനവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടെ ശബ്ദവോട്ടോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ബിൽ പാസായതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ച ഈ ബിൽ നിയമമാകുന്നതോടെ നിലവിലുള്ള പദ്ധതിയുടെ പേര് ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ’ (വി.ബി. ഗ്രാം ജി) എന്നായി മാറും. പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചാണ് മുദ്രാവാക്യം വിളിച്ചത്.

പുതിയ ഭേദഗതി പ്രകാരം തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി ഉയർത്താൻ സാധ്യതയുണ്ടെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിഹിതത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ കേന്ദ്രം നൽകുന്ന 75 ശതമാനം വിഹിതം 60 ശതമാനമായി കുറയുകയും ബാക്കി 40 ശതമാനം തുക സംസ്ഥാനങ്ങൾ കണ്ടെത്തേണ്ടതായും വരും. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചാണ് സർക്കാർ ബില്ലുമായി മുന്നോട്ട് പോയത്. ബിൽ പാസാക്കിയതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *