തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വൻ മോഷണം. ശിശുരോഗവിഭാഗം പിജി ഡോക്ടർ ശ്രേയാ പോളിന്റെ 20 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഷണം നടത്തിയ ശേഷം മറ്റൊരു ഡോക്ടറുടെ ബൈക്കും കവർന്നാണ് സംഘം കടന്നുകളഞ്ഞത്.

ഹോസ്റ്റലിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന സംഘം അലമാര കുത്തിത്തുറന്നാണ് സ്വർണം കൈക്കലാക്കിയത്. മോഷണം നടക്കുമ്പോൾ ഡോ. ശ്രേയ സ്വന്തം വീട്ടിലായിരുന്നു. മോഷണത്തിന് ശേഷം ഓർത്തോ വിഭാഗത്തിലെ ഡോ. രോഹന്റെ ബൈക്ക് മോഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്. രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മുഖം മറച്ചാണ് ഇവർ എത്തിയിരുന്നത്. വെള്ള വസ്ത്രം ധരിച്ച് അകത്തുകയറിയ പ്രതികൾ പുറത്തിറങ്ങിയത് മറ്റൊരു നിറത്തിലുള്ള വസ്ത്രം ധരിച്ചാണ്. സംഭവം നടന്ന ഞായറാഴ്ച ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.

മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ നേരത്തെ തന്നെ പരിസരത്ത് താമസിച്ച് കൃത്യമായ പ്ലാനിംഗ് നടത്തിയിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണം പോയ ബൈക്കും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *