കൊല്ലം: അഞ്ചാലുമൂട്ടിൽ ജ്യൂസ് കടയിൽ കയറി അതിഥി തൊഴിലാളിയെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചു. അഞ്ചാലുമൂട് സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് കടയിലാണ് ഇന്നലെ വൈകിട്ടോടെ നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്.

കടയിലെ തൊഴിലാളിയായ ഇർഫാനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.കടയിൽ നിന്ന് വാങ്ങിയ സാധനത്തിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.

മൂന്നംഗ സംഘം കടയിലേക്ക് അതിക്രമിച്ചു കയറി ഇർഫാനെ ക്രൂരമായി മർദ്ദിക്കുന്നതും തുടർന്ന് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനമേറ്റ് അവശനായ ഇർഫാനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അഞ്ചാലുമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനക്കൂട്ടം നോക്കിനിൽക്കെ നടന്ന ഈ അതിക്രമം പ്രദേശവാസികൾക്കിടയിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *