മലയാള ചലച്ചിത്ര താരങ്ങളില്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം. എം മണി അത് രാഷ്ട്രീയ കാരണങ്ങളാലാണെന്നുംഅദ്ദേഹം പറഞ്ഞു നടിമാരില്‍ എം.എം മണിക്ക് ഏറ്റവും ഇഷ്ടം കെ.ആര്‍ വിജയയെയാണ്. കോവിഡ് വന്നതിന് ശേഷം തിയറ്ററില്‍ സിനിമ കാണാന്‍ പോയിട്ടില്ലെന്നും എം.എം മണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാരിനെതിരായ ഇ.ഡി, കസ്റ്റംസ്, സി.ബി.ഐ അന്വേഷണങ്ങള്‍ക്കെതിരെയും എം.എം മണി പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും എത്ര കേസുകള്‍ തനിക്കെതിരെ എടുത്തെന്നും കേന്ദ്ര സര്‍ക്കാരെന്താ മൂക്കിലിടുമോയെന്നും മണി പരിഹാസത്തോടെ ചോദിച്ചു.താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് മണി പറഞ്ഞത്. ഇനി ഇപ്പോള്‍ കേറി വല്ലതും ആഗ്രഹിച്ചാല്‍ നിങ്ങള്‍ നാളെ വേറെ വേല വെച്ചേക്കാമെന്നും മണി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയോട് പ്രേമമുണ്ടായിരുന്നു. ചെറുപ്പകാലം മുതൽ സ്‌നേഹമായിരുന്നു. അവരുടേയും തന്‍റെയും കുടുംബ പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നുമാണ് മന്ത്രി എം.എം.മണി വീണ്ടും ഇത്തവണ ജനവിധി തേടുന്നത്.