കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത്.ഈയൊരു അവസ്ഥയില്‍ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.മോശമായ ഒരു പദം ഇപ്പോള്‍ ഉപയോഗിക്കാത്തതാണെന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എന്നും പാര്‍വതി പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് കുറിപ്പും പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ എന്നാണ് ഷാഹിന നഫീസ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിനെതിരെ സാഹിത്യ സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

തൃശൂര്‍ പൂരം നടത്തുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടിയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *