ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. എ.എ.പി നേതാക്കളെ വ്യാപകമായി ജയിലിലടക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം എ.എ.പിയുടെ അക്കൗണ്ട് ബി.ജെ.പി മരവിപ്പിക്കും. എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാളിന്റെ പരാതിയില്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് വൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തേക്ക് എ.എ.പി നടത്തിയ പ്രതിഷേധസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

എ.എ.പി നേതാക്കള്‍ അഗ്‌നിപരീക്ഷയിലൂടെയാണ് കടന്നുപോകുന്നത്. എ.എ.പിയുടെ വളര്‍ച്ചയില്‍ മോദിക്ക് ആശങ്കയുണ്ട്. അതിന്റെ ഭാഗമായാണ് തന്നെയും മനീഷ് സിസോദിയെയും ജയിലില്‍ അടച്ചത്. ഡല്‍ഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താന്‍ എ.എ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബി.ജെ.പിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ എതിരാളിയായി എ.എ.പി മാറുമെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദരിദ്രര്‍ക്ക് രാജ്യം മുഴുവന്‍ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചു നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *