രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് – എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകള്‍ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍.

അണ്‍ലോക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തില്‍ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷേ ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കില്‍ കുറച്ച് നീളാം ഗുലേറിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും ക്ഷാമമായിരുന്നു. ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങള്‍ രംഗത്തെത്തി. പ്രതിദിന കോവിഡ് കണക്ക് കുറഞ്ഞുവരുന്നതിനിടെയാണ് മൂന്നാം തരംഗമെന്ന മുന്നറിയിപ്പ് വരുന്നത്. സംസ്ഥാനങ്ങള്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *