പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാൻ ആകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാൽ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. തന്റെ മകൾക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇരയുടെ അമ്മ.നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സഞ്ജയ് കരോൾ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി തൃശൂർ മെഡിക്കൽ കോളേജിനോട് നിർദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ വിയൂർ ജയിൽ അധികൃതരോടും കോടതി നിർദ്ദേശം നൽകി. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു.2016 ഏപ്രില്‍ 28 നായിരുന്നു നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.അതേസമയം വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മന്ത്രി പി രാജീവ്. സമാന നടപടിക്രമം ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. പരമാവധി ശിക്ഷ നൽകണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകളിൽ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികൾക്ക് ചുമതലകൾ നൽകുന്നതിന് സർക്കാരിൻറെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പട്ടിക മുഖ്യമന്ത്രിക്ക് നൽകണമെന്നും വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *