വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ നല്‍കി ഐഡിബിഐ ബാങ്ക്. സംഭാവന ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജയകുമാര്‍ എസ്. പിള്ള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാങ്കിന്റെ കൊച്ചി സോണ്‍ സിജിഎം മോഹന്‍ ഝാ, ജനറല്‍ മാനേജര്‍മാരായ സെബാസ്റ്റ്യന്‍, സി.സുനില്‍കുമാര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി.തുടങ്ങിയവര്‍ തുക കൈമാറാൻ എത്തിയിരുന്നു. ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണത്തിന് റിസർവ് ബാങ്ക് കഴിഞ്ഞ ജൂലൈയിൽ അനുമതി നൽകിയിരുന്നു. 2021 മെയ് മാസത്തിൽ ഐഡിബിഐയിലെ സർക്കാരിന്റെ ഓഹരികൾ വിൽക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.ഐഡിബിഐ ബാങ്കിന്റെ വിൽപ്പന ഈ വർഷം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്. എൽഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്ന ഐഡിബിഐ പിന്നീട് ബാങ്കായി മാറുകയായിരുന്നു. സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സർക്കാരിന് വിൽക്കാം. ഇതിൽ സർക്കാരിന്റെ 30.5% വിഹിതവും എൽഐസിയുടെ 30.2% വിഹിതവും ഉൾപ്പെടുന്നു. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സർക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *