വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ച് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്നും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ വിമര്‍ശനം.

പുലര്‍ച്ചെ നാല് മണിക്ക് ഉണരുക. 36 സെക്കന്റിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഒഴിവാക്കുക. വീണ്ടും കിടന്ന് ഉറങ്ങുക. ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്. – രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് കാവല്‍ക്കാരന്‍ ഉറക്കമുണര്‍ന്നിരുന്നു. വോട്ട് മോഷണം കണ്ടു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ പരിഹാസം. മഹാദേവ് പുരയ്ക്ക് പിന്നാലെ ആലന്ദ് മണ്ഡലത്തിലും അട്ടിമറി നടന്നു എന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. എന്നാല്‍ ആരോപണത്തില്‍ കമ്മീഷന്‍ കൃത്യമായി മറുപടി നല്‍കാത്തത് സംശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. കര്‍ണാടക സിഐഡിക്ക് അവര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നാണ് രാഹുലിന്റെ ആവശ്യം.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ജെന്‍ സി പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത് എത്തി. രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ജെന്‍ സി കുടുംബ രാഷ്ട്രീയത്തിന് എതിരാണെന്നും രാഹുല്‍ രാജ്യം വിടാന്‍ തയ്യാറാകൂ എന്നും എംപി നിഷികാന്ത് ദുബെ എക്‌സില്‍ കുറിച്ചു.

രാജ്യത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും ജെന്‍സികളും ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുണ്ടെന്ന് രാഹുല്‍ എക്സില്‍ കുറിച്ചതാണ് വിവാദമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *